നിശാഗന്ധിയോട്
നമ്മുടെ കേരളീയതയുടെ കിശോര ഭാവനകള്‍ നാമ്പെടുക്കുന്ന കുട്ടികള്‍ നമ്മുടെ പള്ളിക്കൂടങ്ങളില്‍ ആരാലുമറിയാതെ മറഞ്ഞിരിക്കുന്നു.നിധികള്‍ ഒളിഞ്ഞിരിക്കുന്നതുപോലെ അവര്‍ പൂര്‍ണ്ണ സമാധിയിലാണ്. അവരെ കണ്ടെത്തുന്ന നമ്മുടെ മലയാളം അധ്യാപകര്‍ മലയാളത്തെ സ്നേഹിക്കുന്നത് മലയാളം അവരുടെ തൊഴില്‍ ആണെന്നതുകൊണ്ടല്ല. ഭാഷയുടെയും സാഹിത്യത്തിന്റെയും വിശാലമായ പുഞ്ചപ്പാടത്തെ കൊയ്ത്തും നാവേറും ഒത്തിരി ഇഷ്ട്ടപ്പെടുന്നവരായത് കൊണ്ടാണ്.കുട്ടികളില്‍ കവിത ചുരക്കുമ്പോള്‍ അതിനു രസം പാല്‍മധുരം.അവര്‍ക്ക് വളപ്പൊട്ടുകളും മയിപ്പീലികളും രാത്രിയും നിശാഗന്ധിയും വളരെ പ്രിയകരം!കക്കാടിനെ പോലെ "നഗരക്കാഴ്ച്ചകളുടെ ദൃശ്യങ്ങളില്‍,ജീവിതത്തില്‍ രാക്ഷസന്റെ കുടിലത" കണ്ടു നമ്മുടെ കുട്ടികള്‍ ഭയക്കുന്നില്ല;അല്ലെങ്കില്‍ അവരത് കാണുന്നില്ല.അവര്‍ക്ക് പ്രിയം കേരളത്തിന്റെ പച്ചപ്പും കുളിര്‍മ്മയും;വൈലോപ്പിള്ളിയെപ്പോലെ ഒത്തിരി കൊന്നപ്പൂവും തന്നെ.
മധുര സ്വപ്നത്തിന്‍ ദൂതുമായ് വന്നെത്തി
രജനി തന്‍ യാമത്തില്‍ വാല്‍ക്കന്നനാങ്കിളി
പതിയെ വിരിഞ്ഞൊരാ സുന്ദരയാമിനി
യൌവ്വനമുള്‍ക്കൊണ്ട് നിശ്ശബ്ദയായ് നില്‍ക്കവേ
പനിമതി പൂത്തൊരാ സുന്ദര യാമത്തില്‍
പ്രണയനിലാവില്‍ കുളിച്ചൊരാ കൈരവം
നഭസ്സിന്‍ അലകളില്‍ മന്ത്രധ്വനികളാല്‍
മണിമഞ്ചുമേടയില്‍ മയങ്ങുന്നു താരകള്‍
പതിയെ വിരിഞ്ഞു നീ ഏകയായ് നില്‍ക്കുന്നു
പരിമളമൂറുന്ന കൊച്ചു സൗഗന്ധികേ
മനസ്സില്‍ കുറിച്ചിട്ട വര്‍ണ്ണങ്ങള്‍ മാഞ്ഞുപോയ്
നൃത്തം ഒഴിഞ്ഞവ താനേ മയക്കമായ്
സ്നേഹം നിറഞ്ഞ നിന്‍ മാറിലെ തേനുണ്ണാന്‍
മധുപങ്ങള്‍ വന്നില്ല,അവയും മയങ്ങിയോ?
കുളിരുമായ് വന്നില്ല മാരുതന്‍ നിന്നെയാ
തൊട്ടിലില്‍ താരാട്ടു പാടിയുറക്കീലാ
പകലിന്റെ നാഥനും കാണുവാന്‍ വന്നില
സൌരഭം പാടിപ്പുകഴ്ത്തീലാരുമേ
എങ്കിലും നീയീ നിശയുടെ വീഥിയില്‍
ആരെ പ്രതീക്ഷിച്ചു നില്‍ക്കുന്നു പിന്നെയും
രാഗവും താളവും ചോരാത്ത വീണയായ്
മണ്ണിന്റെ മാറില്‍ നീ വീണു പിടയുമ്പോള്‍
ഹൃദയത്തിലെന്റെയീ ആത്മാവിന്‍ ചില്ലയില്‍
പതിയെക്കരയൂന്നതാര് നിന്‍ തോഴനോ?
കൃഷ്ണ കെ.കെ.(പത്താം ക്ലാസ്സ് .ഡി )
സെറാഫിക് സി.ജി.എച്ച്.എസ്.പെരിങ്ങോട്ടുകര
0 comments:
Post a Comment