കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

എന്റെ സ്വന്തം മരം -കവിത

എന്‍ കൊച്ചു വീടിന്റെ തെക്കെയതിരിലോ-
രോമാനത്തൈമാവ്‌ നട്ടൂ ഞാന്‍
വെള്ളമൊഴിച്ചു വളമിട്ടു ഞാനതിന്നമ്മിണി-
യെന്നൊരു പേര് നല്‍കി.


ഓരിലയീരില മൂവിലയങ്ങനെ
നാള്‍ക്കുനാളാത്തൈ വളര്‍ന്നു വന്നൂ
അംബരം നോക്കിയാ കൂമ്പുകള്‍
നില്‍ക്കുന്നന്തരംഗത്തിന്‍ ആശയാകാം


എന്നോളമെത്തിയ മാഞ്ചോടി കാണു-
വാനെന്തൊരു സൌന്ദര്യമായിരുന്നു
പച്ചയിലകള്‍ നിറഞ്ഞൊരു ശാഖകള്‍
കൊച്ചിളം കാറ്റിലും നൃത്തമാടി


കാലം കടന്നുപോയിന്നെന്റെയമ്മിണി
യാരാമ സൌന്ദര്യമായി
ആശ്വാസധാരയായേവര്‍ക്കുമിന്നവള്‍
ആകാശമോളം വളര്‍ന്നു നില്‍പ്പൂ



കുഞ്ഞിക്കിളികള്‍ക്ക് കൂടുകൂട്ടാനവള്‍
തന്മടിത്തട്ടിലിടം കൊടുത്തു-
തൂവിരല്‍ത്തുമ്പോന്നു നീട്ടികൊടുത്തവള്‍
തുമ്പി മക്കള്‍ക്കൊന്നു പാപറക്കാന്‍


കാകവൃന്ദങ്ങള്‍ക്കഭയമായി കോകില
കൂകൂരവങ്ങള്‍ക്ക് വേദിയായി
വട്ടത്തിലാടിയോടിക്കളിച്ചൂ
കരിവണ്ടും ചിലന്തിയും തേനീച്ചയും


ശാഖോപശാഖയായ് വാനില്‍ പരന്നവള്‍
ശാലീനശാന്തസ്വരൂപിണിയായ്
മാന്നവന്നേവം പ്രധാനമായുള്ളോരൂ
പ്രാണവായു തന്നനുഗ്രഹിപ്പൂ


വേനല്‍പ്പകലില്‍ നടന്നു തളരുന്ന
വേദന തിന്നുന്ന മാനവര്‍ക്കായ്
സര്‍വ്വം സഹിക്കുന്നോരീ മരം നല്കുന്നോ-
രീ തണല്‍ പോലുമമൃതല്ലോ.

കവിത-ഉണ്ണിമായ റ്റി.എ. സെറാഫിക് സി.ജി.എച്ച്.എസ്.പെരിങ്ങോട്ടുകര.തൃശൂര്‍

0 comments: