എന്റെ മലയാളം രചന

കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

പ്രകൃതി ഗീതം

കാലത്തിന്റെ കോടതി വിധി പറഞ്ഞു.

തെറ്റിദ്ധാരണകളും തെറ്റിയ ധാരണകളും മാറി

മഴ , മണ്ണിനെ വാരിപ്പുണര്‍ന്നു

ഒരു കുടക്കീഴില്‍ ശത്രുക്കളെപ്പോല്‍

എത്ര നാള്‍ ഇനിയും?

ദമ്പതിമാര്‍ക്ക് മടുത്തു തുടങ്ങിയിരിക്കുന്നു

അവരുടെ ഒരുമിക്കല്‍ ആ കുടക്ക്‌



ആരോഗ്യം വീണ്ടെടുത്തപോല്‍

പത്നിയെ വരവേല്‍ക്കാന്‍ , ഭൂമി

നിലം ഒരുക്കിനിന്നു

പത്നി പതിക്കു പൂച്ചെണ്ട് നല്‍കി

മഴവില്ലണിഞ്ഞ പ്രേമഗാനത്തിന്

ഇളംകാറ്റു സംഗീതമേകി



കുയിലും കൂട്ടരും ഗായകരായി

ഇരുനാല്‍ മൃഗങ്ങള്‍ ആടി

സര്‍വ്വം മംഗളം.




ദീപക് ദേവാനന്ദ് (ക്ലാസ് പത്ത് .സി. എസ് .ബി .എച്ച് .എസ് .കുറുമ്പിലാവ്, തൃശൂര്‍)

പാരിന്റെ പൊരുള്‍

ആ ചെടിക്ക് ജീവിതം കൊടുത്തത് ഞാനായിരുന്നു

കിളികളുടെ താരാട്ടുപാട്ടില്‍

കാറ്റിന്റെ തൊട്ടിലില്‍

അവന്‍ സുഖമായ് ഉറങ്ങി

പ്രകൃതിയുടെ വിദ്യാലത്തില്‍

അവന്‍ ഒന്നാമനായിരുന്നു

കാലമാണ് അവനെ വളര്‍ത്തിയത്

അവന്റെ ജീവിതം

ലോകത്തിനു സമര്‍പ്പിച്ചിരുന്നു


അവന്‍,കാര്‍മേഘത്തിന് ജന്മമേകി

കുളിര്‍ക്കാറ്റിനു ജന്മമേകി

കായ്കനികള്‍ക്ക് കനിയായി

കുയിലിനു വാസമായി

വസന്തത്തിനു വര്‍ണ്ണമേകി

കാടിന് കരുത്തായി

കാട്ടുമാക്കാനു കൂട്ടായി

ലോകത്തിനുയിരായി


ഒടുവില്‍,കോടാലിക്കിരയായി

കനലായി കരിയായി

മണ്ണിന്റെ നിറമായി

പാരിന്റെ പൊരുളായി



ദീപക് ദേവാനന്ദ് .പത്ത് .സി .(എസ് .ബി .എച്ച് .എസ് .കുറുമ്പിലാവ് )

പവിഴ ദ്വീപിലെ തിരമാലകള്‍ !!!പഞ്ചാര മണലില്‍ കവിത രചിക്കുന്നു.



1999 ഉം 2000 വും ഞാന്‍ കുറെ കടല്‍ അലകള്‍ പോലെ പുഞ്ചിരിക്കുന്ന കടല്‍ മനുഷ്യരെ കണ്ടു.അവര്‍ എന്നോട് പറഞ്ഞു" സ്യേര്‍, ഇങ്ങാ എപ്പ ഇളിച്ചു?സ്യേര്‍ ...ളൈ...ഇവിടെ ളച്ച്..(സാര്‍ എപ്പോള്‍ കപ്പലില്‍ നിന്നും ഇറങ്ങി(ഇളിച്ചു) .ഇവിടെ ഇരിക്കൂ(ളൈ).കില്‍ത്താന്‍ ദ്വീപിലെ കേന്ദ്ര ഗവണ്‍മെന്റ് ഹൈസ്ക്കൂളില്‍ പഠിപ്പിക്കുവാന്‍ ചെന്ന എനിക്ക് അവിടത്തെ കടല്‍ക്കാറ്റിനു തിരയുടെ വേദന തീരെ മനസ്സിലാകിലെന്നു പെട്ടന്ന് തന്നെ ബോധ്യമായി.കാരണം അവിടെ അലയുന്ന തിരകള്‍ക്കു വേദനകള്‍ കുറവാണ്.രണ്ടു വശവും ഇപ്പോഴും കടല്‍ കാണുന്ന ദ്വീപുകാര്‍ക്ക് എല്ലാം ലളിതമാണ്.



കപ്പല്‍ വരുമ്പോള്‍ അവര്‍ ഭക്ഷണം ശേഖരിക്കുന്നു.വല്യ മഴക്കാലത്ത് "കീളാവായിലെ"(കിഴക്ക്)കടല്തീരത്തുള്ള "ബില്ലത്ത്"(ലഗൂണ്‍)പോയി "വേലിയിറക്ക സമയത്ത് ചെന്ന് അപ്പലിനെ"(നീരാളി) കമ്പി കൊണ്ട് കുത്തി പിടിച്ചു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും.പിന്നെ കാണുന്നവര്‍ കാണുന്നവര്‍ "എന്നാ വിഷയം ചൊല്ലിനു "എന്ന് പറഞ്ഞു അവരുടെ വീട്ടുകകാരുടെയും നാട്ടുകാരുടെയും സംസാര സാഗരത്തില്‍ അലിയുന്നു.
ഈ വൃത്താന്തം മലയാളം ബ്ലോഗിലെ ഫിലിപ്പ് സ്യേറിന്റെ സ്വന്തം ഓര്‍മ്മകള്‍!!!





കവരത്തി ദ്വീപില്‍ ഗവണ്‍മെന്റ് സീനിയര്‍ പ്ലസ് ട വില്‍ പഠിക്കുന്ന സാഹിദയുടെ ലോകം വിശാലമാണ്.കീളാവായും മേലാവായും അതിരിട്ടു നില്‍ക്കുന്ന തന്റെ ദ്വീപിലെ വിദ്യാലത്തെക്കുറിച്ചു കവിത രചിച്ചപ്പോള്‍ സാഹിദ


ലക്ഷ്വദ്വീപിലെ മുഴുവന്‍ കുട്ടികള്‍ക്കും അനുഭവമായ തങ്ങളുടെ കടലിനു ചുറ്റുമെപ്പോഴും കാണുന്ന ചക്രവാളത്തിന്റെ സിന്ദൂര ഭംഗിയെ ചാലിച്ചെടുത്തു കവിതയുടെ ഇടനെഞ്ചില്‍ ശ്രുതി മീട്ടുന്നതുപോലെ

വളരെ തന്മയത്തോടെ വിദ്യാലയമെന്ന കവിത ആലപിക്കുന്നു.


വിദ്യാലയം


വിദ്യകള്‍ പൂക്കും പൂവാടി
വിദ്യാലയമാം തേങ്കാവ്
വിദ്യകള്‍ നുകരും മലര്‍കാവ്
വിദ്യാര്‍ത്ഥികള്‍ക്കൊരു പൂങ്കാവ്



വിദ്യകള്‍ തേടാം കുട്ടികളെ
വിദ്യകള്‍ നുകരാം ബാലകരെ
അടിവച്ചടിവച്ചവിടെത്താം
ത്ധടുതിയില്‍ പോകാം കൂട്ടരേ



വിദ്യാലയമാം പൂവാടിയില്‍
ജ്ഞാനം എന്നാ മധു നുകരാം
പാറിപ്പറന്നെത്തും കുഞ്ഞുങ്ങള്‍
ഞങ്ങള്‍ ഭാരത നാടിന്‍ സന്തതികള്‍







ഞങ്ങള്‍ കവികളെ ആഘോഷിക്കുന്നവരല്ല-.

കുട്ടികള്‍ക്ക് കവിതയെഴുതുവാന്‍ എന്താണ് പ്രേരണ?
അധ്യാപകര്‍ ആവശ്യപ്പെടുമ്പോഴാണോ?
കലാ മത്സരങ്ങള്‍ക്ക് വേണ്ടിയോ?
കവിത വായിക്കുന്ന കുട്ടികള്‍ ഉണ്ടാകുമോ?

ആരും നിര്‍ബന്ധിക്കാതെ സ്വന്തം വല്മീകത്തില്‍ ഒളിച്ചിരുന്ന് .................................................
ഏകാന്തതയുടെ മന്ദശ്രുതിയില്‍ ........
വാക്കിന്റെ ധ്വനിപേടകം പൊളിച്ച്
ഒറ്റക്കമ്പിയില്‍ പതിയെ മധുരമായി ഉതിരുന്നോ?????

കഠിനമായ കഷ്ടപ്പെടലുകള്‍ക്കിടയില്‍
തന്റെ ജീവിതം കയ്ക്കുന്ന കാഞ്ഞിരമായ് പിടയുമ്പോള്‍
അത് ഒളിച്ചുവയ്ക്കാതെ കവിതയ്ക്ക് മാഷിപ്പാത്രമായി
തന്റെ അനുഭവങ്ങളെ കാണുന്നവര്‍???

ഉണ്ടായിരിക്കാം.
അവര്‍ എഴുതുന്നുണ്ടായിരിക്കാം.

തൃശൂരിലെ ഒല്ലൂര്‍ സെന്റ്‌:മേരീസ് ഗേള്‍സ്‌ ഹൈസ്ക്കൂളിലെ ശ്രേയ.കെ.എസ്. എന്തുകൊണ്ടാണ് ഒരു കവിത രചിച്ചത്?മഴയോ മഴവില്ലോ,എന്താണ് ശ്രേയയെ കവിതയിലേക്ക് നയിച്ചത്?അതോ ഇനിയും വരാത്ത നമ്മുടെ പഴയ ഭൂമിസ്വപ്നങ്ങളോ?


നിനക്കായ്‌ ഞാന്‍ കാത്തിരിപ്പൂ
മാരിവില്ലിന്‍ തേന്‍മലരേ
വരികില്ലേ നീയെന്നും
ഈ വാസന്ത പൊന്‍പുലരിയില്‍
വാനമിങ്ങോ കണ്‍കുളിര്‍ത്തൂ
മാരുതദളങ്ങള്‍ മീട്ടിയിതാ
മനോവീണ പാടുന്നു
ആകാശഗോപുരം തുറന്നിരിപ്പൂ
ഓടിവാ....ഓടിവാ.....എന്മലരെ.....
പൊഴിയൂ നീയെന്മനസ്സില്‍
കാറ്റിന്റെ പാലാഴി മീട്ടുന്നിതാ..
കളകളനാദങ്ങള്‍ കേള്‍ക്കുന്നിതാ...
എങ്ങുപോയെങ്ങുപോയ്‌ എന്മലരെ....
വരുകില്ലേ നീയെന്‍ ഗോപുരമേല്‍
നിന്‍ വരവിനായ് ഞാന്‍ കാത്തിരിപ്പൂ
ഒരു ജന്മം കൂടി ഞാനീ വീഥിയില്‍

ശ്രേയ.കെ.എസ്.സെന്റ്‌:മേരീസ് ഗേള്‍സ്‌ ഹൈസ്ക്കൂള്‍ ഒല്ലൂര്‍,തൃശൂര്‍









ആകാശത്തെ വിശേഷം

കുളിരുള്ള ഒരു രാത്രിയില്‍ അവള്‍ പുറത്തേക്ക് ഇറങ്ങി.അവള്‍ ആകാശത്തേക്ക് നോക്കി.ഒന്നും കാണുന്നില്ല,അവള്‍ ഇരുട്ടിന്റെ മകളാണ്.

ആകാശത്തെക്കുറിച്ചും അവിടത്തെ വിശേഷങ്ങളെക്കുറിച്ചും അവള്‍ക്കു നന്നായറിയാം.അവള്‍ ആകാശത്തേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.പകല്‍ ആകാശത്തു പഴുത്ത മാമ്പഴംപ്പോലെ ഒരാളെ കാണാം.അതാണ്‌ സൂര്യന്‍.എണ്ണാന്‍ കഴിയാത്ത മനോഹരങ്ങളായ കിളികളെയും പുക പോലെ നിറഞ്ഞു നില്‍ക്കുന്ന മേഘങ്ങളെയും കാണാം.സന്ധ്യയായാല്‍ ആകാശത്തു മുഖം ചോന്നു നില്‍ക്കുന്ന മേഘങ്ങളെയും കാണാം.രാത്രിയായാല്‍ പ്രകാശിച്ചു നില്‍ക്കുന്ന എണ്ണാന്‍ കഴിയാത്ത നക്ഷത്രങ്ങളെയും കാണാം.പിന്നെ പപ്പടം പോലെ അവളെ നോക്കി ചിരിച്ചു നില്‍ക്കുന്ന അവളുടെ അമ്മാ മനേയും കാണാം.എന്നും മാമന്‍ ഒരുപോലാവില്ല.ആകൃതി മാറുമെന്നു മുത്തശ്ശി പറഞ്ഞിട്ടുണ്ട്.
രാത്രിയില്‍ പക്ഷികള്‍ പറക്കാറില്ല.എന്നാലും രാത്രിയില്‍ പക്ഷികള്‍ പറക്കാറുണ്ട്.ആ പക്ഷികള്‍ അവളെ നോക്കി ചിരിച്ചും,ചിലച്ച് ലൈറ്റ് മിന്നിച്ച് അവളുടെ മുന്നിലൂടെ പറക്കുന്നു.പിന്നെ ഒരു മിന്നാമിന്നിക്കൂട്ടത്തെയും കാണാം.പ്രകാശം നല്‍കുന്ന മിന്നാമിനുങ്ങിനോട്‌ അവള്‍ പറയും:നീ നിന്റെ ടോര്‍ച്ചടിച്ച്‌ വെറുതെ ഫ്യൂസാക്കണ്ട,എനിക്ക് കാണുകയില്ല.ഇത് കേട്ടാല്‍ മിന്നാമിനുങ്ങിനു സങ്കടമാകും.ഇതെല്ലാം അവള്‍ ആകാശത്തു നോക്കിക്കൊണ്ട് പറയുകയായിരുന്നു.
അപ്പോഴാണ്‌ അവളുടെ അമ്മ പുറത്തേക്ക് വന്നത്."മോളെ.....നീ എന്തെടുക്കുകയാണ് ഇവിടെ?അവിടെ നിന്നെ അന്വേഷിച്ച് ഞാന്‍ നടക്കുകയായിരുന്നു.മോളെ വാ,അകത്തേക്ക് പോകാം".
ഞാനില്ല അമ്മെ.നമുക്കിവിടെ പുറത്തിരിക്കാം.അമ്മ അത് സമ്മതിച്ചു.മുത്തശ്ശിയും അങ്ങോട്ടേക്ക് കടന്നു വന്നു.പെട്ടന്ന് രാത്രി മഴ പെയ്തു.അവള്‍ മുത്തശ്ശിയുടെ മടിയിലേക്ക്‌ തല ചായ്ച്ചു കിടന്നു.അമ്മ പറഞ്ഞു."എന്റെ ഈശ്വരാ എന്റെ കുട്ടിക്ക് എന്നാണാവോ ഈ ഇരുട്ടില്‍ നിന്നും മോചനം കിട്ടുക."ഇത് കേട്ടവള്‍ തേങ്ങി കരഞ്ഞു.മുത്തശ്ശിയുടെയും അമ്മയുടെയും കണ്ണു നിറഞ്ഞു.മുത്തശ്ശി പറഞ്ഞു."എല്ലാം വിധിയാണെന്ന് കരുതുക. എന്നെങ്കിലും ഈശ്വരന്‍ നമ്മുടെ വിളി കേള്‍ക്കും.തീര്‍ച്ച!ഈശ്വരന്‍ നമ്മുടെ വിളി കേള്‍ക്കാതിരികില്ല.ദൈവം നിന്നെ രക്ഷിക്കട്ടെ!".



ഷഹ് ല .കെ.എസ്.
(സെറാഫിക്ക് സി.ജി.എച്ച്.എസ്.പെരിങ്ങോട്ടുകര,തൃശൂര്‍)

നിശാഗന്ധിയോട്

നമ്മുടെ കേരളീയതയുടെ കിശോര ഭാവനകള്‍ നാമ്പെടുക്കുന്ന കുട്ടികള്‍ നമ്മുടെ പള്ളിക്കൂടങ്ങളില്‍ ആരാലുമറിയാതെ മറഞ്ഞിരിക്കുന്നു.നിധികള്‍ ഒളിഞ്ഞിരിക്കുന്നതുപോലെ അവര്‍ പൂര്‍ണ്ണ സമാധിയിലാണ്. അവരെ കണ്ടെത്തുന്ന നമ്മുടെ മലയാളം അധ്യാപകര്‍ മലയാളത്തെ സ്നേഹിക്കുന്നത് മലയാളം അവരുടെ തൊഴില്‍ ആണെന്നതുകൊണ്ടല്ല. ഭാഷയുടെയും സാഹിത്യത്തിന്റെയും വിശാലമായ പുഞ്ചപ്പാടത്തെ കൊയ്ത്തും നാവേറും ഒത്തിരി ഇഷ്ട്ടപ്പെടുന്നവരായത് കൊണ്ടാണ്.കുട്ടികളില്‍ കവിത ചുരക്കുമ്പോള്‍ അതിനു രസം പാല്‍മധുരം.അവര്‍ക്ക് വളപ്പൊട്ടുകളും മയിപ്പീലികളും രാത്രിയും നിശാഗന്ധിയും വളരെ പ്രിയകരം!കക്കാടിനെ പോലെ "നഗരക്കാഴ്ച്ചകളുടെ ദൃശ്യങ്ങളില്‍,ജീവിതത്തില്‍ രാക്ഷസന്റെ കുടിലത" കണ്ടു നമ്മുടെ കുട്ടികള്‍ ഭയക്കുന്നില്ല;അല്ലെങ്കില്‍ അവരത് കാണുന്നില്ല.അവര്‍ക്ക് പ്രിയം കേരളത്തിന്റെ പച്ചപ്പും കുളിര്‍മ്മയും;വൈലോപ്പിള്ളിയെപ്പോലെ ഒത്തിരി കൊന്നപ്പൂവും തന്നെ.


മധുര സ്വപ്നത്തിന്‍ ദൂതുമായ്‌ വന്നെത്തി
രജനി തന്‍ യാമത്തില്‍ വാല്‍ക്കന്നനാങ്കിളി
പതിയെ വിരിഞ്ഞൊരാ സുന്ദരയാമിനി
യൌവ്വനമുള്‍ക്കൊണ്ട് നിശ്ശബ്ദയായ് നില്‍ക്കവേ

പനിമതി പൂത്തൊരാ സുന്ദര യാമത്തില്‍
പ്രണയനിലാവില്‍ കുളിച്ചൊരാ കൈരവം
നഭസ്സിന്‍ അലകളില്‍ മന്ത്രധ്വനികളാല്‍
മണിമഞ്ചുമേടയില്‍ മയങ്ങുന്നു താരകള്‍

പതിയെ വിരിഞ്ഞു നീ ഏകയായ് നില്‍ക്കുന്നു
പരിമളമൂറുന്ന കൊച്ചു സൗഗന്ധികേ
മനസ്സില്‍ കുറിച്ചിട്ട വര്‍ണ്ണങ്ങള്‍ മാഞ്ഞുപോയ്
നൃത്തം ഒഴിഞ്ഞവ താനേ മയക്കമായ്


സ്നേഹം നിറഞ്ഞ നിന്‍ മാറിലെ തേനുണ്ണാന്‍
മധുപങ്ങള്‍ വന്നില്ല,അവയും മയങ്ങിയോ?
കുളിരുമായ് വന്നില്ല മാരുതന്‍ നിന്നെയാ
തൊട്ടിലില്‍ താരാട്ടു പാടിയുറക്കീലാ

പകലിന്റെ നാഥനും കാണുവാന്‍ വന്നില
സൌരഭം പാടിപ്പുകഴ്ത്തീലാരുമേ
എങ്കിലും നീയീ നിശയുടെ വീഥിയില്‍
ആരെ പ്രതീക്ഷിച്ചു നില്‍ക്കുന്നു പിന്നെയും

രാഗവും താളവും ചോരാത്ത വീണയായ്
മണ്ണിന്റെ മാറില്‍ നീ വീണു പിടയുമ്പോള്‍
ഹൃദയത്തിലെന്റെയീ ആത്മാവിന്‍ ചില്ലയില്‍
പതിയെക്കരയൂന്നതാര് നിന്‍ തോഴനോ?




കൃഷ്ണ കെ.കെ.(പത്താം ക്ലാസ്സ് .ഡി )
സെറാഫിക് സി.ജി.എച്ച്.എസ്.പെരിങ്ങോട്ടുകര





എന്റെ സ്വന്തം മരം -കവിത

എന്‍ കൊച്ചു വീടിന്റെ തെക്കെയതിരിലോ-
രോമാനത്തൈമാവ്‌ നട്ടൂ ഞാന്‍
വെള്ളമൊഴിച്ചു വളമിട്ടു ഞാനതിന്നമ്മിണി-
യെന്നൊരു പേര് നല്‍കി.


ഓരിലയീരില മൂവിലയങ്ങനെ
നാള്‍ക്കുനാളാത്തൈ വളര്‍ന്നു വന്നൂ
അംബരം നോക്കിയാ കൂമ്പുകള്‍
നില്‍ക്കുന്നന്തരംഗത്തിന്‍ ആശയാകാം


എന്നോളമെത്തിയ മാഞ്ചോടി കാണു-
വാനെന്തൊരു സൌന്ദര്യമായിരുന്നു
പച്ചയിലകള്‍ നിറഞ്ഞൊരു ശാഖകള്‍
കൊച്ചിളം കാറ്റിലും നൃത്തമാടി


കാലം കടന്നുപോയിന്നെന്റെയമ്മിണി
യാരാമ സൌന്ദര്യമായി
ആശ്വാസധാരയായേവര്‍ക്കുമിന്നവള്‍
ആകാശമോളം വളര്‍ന്നു നില്‍പ്പൂ



കുഞ്ഞിക്കിളികള്‍ക്ക് കൂടുകൂട്ടാനവള്‍
തന്മടിത്തട്ടിലിടം കൊടുത്തു-
തൂവിരല്‍ത്തുമ്പോന്നു നീട്ടികൊടുത്തവള്‍
തുമ്പി മക്കള്‍ക്കൊന്നു പാപറക്കാന്‍


കാകവൃന്ദങ്ങള്‍ക്കഭയമായി കോകില
കൂകൂരവങ്ങള്‍ക്ക് വേദിയായി
വട്ടത്തിലാടിയോടിക്കളിച്ചൂ
കരിവണ്ടും ചിലന്തിയും തേനീച്ചയും


ശാഖോപശാഖയായ് വാനില്‍ പരന്നവള്‍
ശാലീനശാന്തസ്വരൂപിണിയായ്
മാന്നവന്നേവം പ്രധാനമായുള്ളോരൂ
പ്രാണവായു തന്നനുഗ്രഹിപ്പൂ


വേനല്‍പ്പകലില്‍ നടന്നു തളരുന്ന
വേദന തിന്നുന്ന മാനവര്‍ക്കായ്
സര്‍വ്വം സഹിക്കുന്നോരീ മരം നല്കുന്നോ-
രീ തണല്‍ പോലുമമൃതല്ലോ.

കവിത-ഉണ്ണിമായ റ്റി.എ. സെറാഫിക് സി.ജി.എച്ച്.എസ്.പെരിങ്ങോട്ടുകര.തൃശൂര്‍